കൊച്ചി: ഡീസലിനേക്കാള്‍ വില ഉയര്‍ന്നതോടെ സിഎന്‍ജി വാഹന ഉടമകള്‍ പ്രതിസന്ധിയില്‍. കൊച്ചിയില്‍ സിഎന്‍ജി കിലോയ്ക്ക് 102.50 രൂപയാണ് നിലവിലെ വില. ഡീസല്‍ ലിറ്ററിന് 102.45 രൂപയും. ഇതോടെ പൊട്രോളും ഡീസലും ഉപേക്ഷിച്ച് വിലകുറഞ്ഞ ഇന്ധനമായിരുന്ന സിഎന്‍ജിയിലേക്ക് മാറിയ വാഹന ഉടമകള്‍ക്കാണ് വില വര്‍ധന തിരിച്ചടിയായിട്ടുള്ളത്.
ഇന്ധനച്ചെലവ് ഉയര്‍ന്നതോടെ ഓട്ടോ, ടാക്സി ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനച്ചെലവും വര്‍ധിച്ചു. ഇന്ധന ചെലവിലെ വര്‍ധനവ് വരുമാനത്തെ ബാധിക്കുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. സിഎന്‍ജി ലാഭകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കു പുറമെ നിരവധി ടാക്സി വാഹനങ്ങളും സ്വകാര്യ ബസുകളും സിഎന്‍ജിയിലേക്ക് മാറിയിരുന്നു. വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം സിഎന്‍ജി വില നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി വേണമെന്നാണ് മേഖലയിലുള്ളവരുടെ ആവശ്യം.
സിഎന്‍ജി വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടും ആവശ്യാനുസരണം ഇന്ധന പമ്പുകള്‍ ഇല്ലാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് നിലനില്‍ക്കുന്നതിനിടെയാണ് ദുരിതം വര്‍ധിപ്പിച്ചുള്ള വിലവര്‍ധന. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുടെ അടിസ്ഥാനത്തില്‍ പെട്രോളിയം ആന്‍ഡ് നാച്ച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ആണ് സിഎന്‍ജി വില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയാണ് നിലവില്‍ സിഎന്‍ജി വില ഉയരുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കൊച്ചി നഗരത്തിലടക്കം ജില്ലയില്‍ ഓട്ടോറിക്ഷകളാണ് ഏറ്റവുമധികം സിഎന്‍ജിയെ ആശ്രയിക്കുന്നത്. ഇവയ്ക്ക് ഡീസല്‍ വാഹനങ്ങളേക്കാള്‍ പരിപാലന ചെലവും കൂടുതലാണ്. ഈ അധിക ചെലവ് നിലനില്‍ക്കേ ഇന്ധന വിലവര്‍ധന മേഖലയ്ക്ക് ഇരട്ടി ദുരിതമായി. ആവശ്യത്തിന് സിഎന്‍ജി പമ്പുകള്‍ ഇല്ലാത്തതും ജില്ലയില്‍ വാഹന ഉടമകളെ വലയ്ക്കുന്നുണ്ട്.
പല പമ്പുകള്‍ക്ക് മുന്നിൽ ഇന്ധനം നിറയ്ക്കാനായി മണിക്കൂറുകളോളം നീണ്ടനിര രൂപപ്പെടുന്നതും നിത്യസംഭവമാണ്. പമ്പുകള്‍ ചിലത് രാത്രിയില്‍ പ്രവര്‍ത്തിക്കാത്തതും യാത്രക്കാരെയും ഡ്രൈവര്‍മാരെയും ദുരിതത്തിലാക്കുന്നുണ്ട്.